Tuesday, December 12, 2017

നൂറാം വാര്‍ഷികം എക്യിക്യൂട്ടീവ് കമ്മിറ്റി യോഗം


    മോയന്‍സ് സ്കൂള്‍ നൂറാം വാര്‍ഷിക എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് (ഡിസംബര്‍ 12) മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ശ്രീ സി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനിലിന്റെ സ്വാഗതത്തിന് ശേഷം വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ അവരവരുടെ കമ്മിറ്റിയോഗ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 
          പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഈ മാസം മുതലാരംഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവതരിപ്പിച്ചത്. ഡിസംബര്‍ 17ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ മുന്നൊരുക്കങ്ങളും ജനുവരിയില്‍ നടത്താനുദ്ദേശിക്കുന്ന പൂര്‍വ്വാധ്യാപകയോഗത്തിന്റെ ആശയങ്ങളും ജനുവരിയില്‍ കേരളത്തിലെ വിശിഷ്ട വ്യക്തികളിലൊരാളെക്കൊണ്ട് നടത്തുന്ന ഉദ്ഘാടനചടങ്ങിനയും തുടര്‍ന്ന് നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളും വിശദീകരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വിളബരജാഥ, ബാന്‍ഡ് ട്രൂപ്പ് പുനരുജ്ജീവിപ്പിക്കുക, നൂറാം വാര്‍ഷിക ഗാനം , സെമിനാറുകള്‍ , അക്കാദമിക മികവിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ഥങ്ങളായ ആശയങ്ങള്‍ പങ്ക് വെക്കുകയുണ്ടായി. ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു.
            തുടര്‍ന്ന് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സുതാര്യമായ ധനകാര്യഇടപെടലിന് ബാങ്ക് ഇടപാടുകളിലൂടെ മാത്രമേ ചിലവുകളുണ്ടാകാവൂ എന്നും എല്ലാ കമ്മിറ്റികളും അവരവരുടെ ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്നതിനും അതിനുള്ള വിഭവസമാഹരണത്തിനുള്ള മാര്‍ഗ്ഗങ്ങളും ആവശ്യപ്പെട്ടു. വൗച്ചര്‍, രസീത് ബുക്ക് ഇവ തയ്യാറാക്കാനും ധാരണയായി. ചെയര്‍മാന്‍ , വൈസ്ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും തീരുമാനിച്ചു.
              ഡിസംബര്‍ 17ന് പൂര്‍വ്വ വിദ്യാര്‍ഥി യോഗത്തിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട കണ്‍വീനര്‍ അവതരിപ്പിച്ചു. ഹയര്‍ സെക്കണ്ടറി ഹാളില്‍ നടക്കുന്ന യോഗത്തില്‍ നഗരസഭാധ്യക്ഷയും പൂര്‍വ്വ വിദ്യാര്‍ഥിയുമായ ശ്രീമതി പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യുമെന്നും പൂര്‍വ്വ വിദ്യാര്‍ഥിയും അഷ്ടപദി കലാകാരിയുമായ നീന വാര്യര്‍ മുഖ്യാതിഥിയായിരിക്കുമെന്ന് പറഞ്ഞു. യോഗത്തില്‍ കമ്മിറ്റി രൂപീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും ധാരണയായി.
                 നൂറാം വാര്‍ഷിക സ്മരണികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കണ്‍വീനര്‍ അവതരിപ്പിച്ചതില്‍ വ്യത്യസ്തമായ ഒരു സ്മരണിക എന്ന ആവശ്യമാണ് അവതരിപ്പിച്ചത്. പ്രധാനമായും വിദ്യാഭ്യാസം-സ്ത്രീ എന്ന ആശയത്തിനു് മുന്‍തൂക്കം നല്‍കിയാവും മാഗസിന്‍ തയ്യാറാക്കുകയെന്നും വിവിധമേഖലകളിലെ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം കുട്ടികളുടെ രചനകള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതിനും തീരുമാനമായി. ഇത് കൂടാതെ പൂര്‍വ്വവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഓര്‍മ്മകള്‍ പങ്ക് വെക്കുന്നതിനുള്ള ഓര്‍മ്മപ്പുസ്തകം എന്ന ആശയവും അവതരിപ്പിച്ചതിനൊപ്പം പരസ്യതാരീഫുകളും അവതരിപ്പിക്കുകയുണ്ടായി. എഡിറ്റോറിയല്‍ ബോര്‍ഡില്‍ കലാവാസനയുള്ള കുട്ടികളുടെ ഒരു പ്രത്യേകവിഭാഗവും ഉണ്ടാകും.
             അച്ചടക്ക കമ്മിറ്റി നൂറാം വാര്‍ഷികത്തിനപ്പുറം തുടര്‍ന്നുള്ള കാലഘട്ടങ്ങളിലും അച്ചടക്കം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചത്. SPC, NSS, JRC, Scout എന്നിവരുടെ സേവനം പരമാവധി ഉപയോഗിക്കാനും അച്ചടക്ക കാര്യങ്ങളെക്കുറിച്ച അവബോധം നല്‍കുന്ന പരിപാടികളും നടത്താന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
           പബ്ലിസിറ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രചരണത്തിനുള്ള വിവിധ സാധ്യതകളെപ്പറ്റി ആയിരുന്നു. സോഷ്യല്‍ മീഡിയ ,മാധ്യമങ്ങള്‍ എന്നിവയുടെ പരമാവധി പിന്തുണയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ പ്രവര്‍ത്തനത്തില്‍ പ്രസ് ക്ലബിന്റെ പിന്തുണയും പ്രത്യേകം പരാമര്‍ശിച്ചു. 
            സ്റ്റേജ് & പന്തല്‍ കമ്മിറ്റി ഓരോ പരിപാടിക്കും ചുരുങ്ങിയ ചിലവില്‍ ക്വട്ടേഷന്‍ സ്വീകരിച്ച് കുറഞ്ഞ ചിലവില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ചാണ് അവതരിപ്പിച്ചത്. പരസ്യങ്ങളിലൂടെ ആവശ്യമായ തുക സമാഹരിക്കുക എന്ന നിര്‍ദ്ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചു
             സ്വീകരണ കമ്മിറ്റി എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന അതിഥികള്‍ക്ക് മെമന്റോ നല്‍കുക എന്ന നിര്‍ദ്ദേശം അവതരിപ്പിച്ചു. സ്വീകരണത്തിനുപയോഗിക്കുന്ന ബൊക്കെയില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും അംഗീകരിച്ചു.
            റിഫ്രഷ്മെന്റ് കമ്മിറ്റി പ്രോഗ്രാം കമ്മിറ്റിയുമായി സഹകരിച്ച് ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയുള്ള റിഫ്രഷ്‌മെന്റുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് പറഞ്ഞു. പ്ലാസ്റ്റിക്ക് കപ്പുകളും ഗ്ലാസുകളും ഒഴിവാക്കാന്‍ തീരുമാനിച്ച വിവരവും അറിയിച്ചു.
            നൂറാം വാര്‍ഷികത്തിന് സ്മാരക കവറും പ്രദര്‍ശനവും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ നടത്താമെന്ന അവരുടെ നിര്‍ദ്ദേശം അഡീഷണല്‍ എച്ച് എം ബീനടീച്ചര്‍ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
             നൂറാം വാര്‍ഷികാഘോഷത്തിന്റെ പ്രാരംഭ ചിലവുകള്‍ക്കായി നഗരസഭയും അധ്യാപകരുടെയും വിഹിതതത്തോടൊപ്പം ഒരു വിഹിതം നല്‍കാമെന്ന് പി ടി എ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ മാതൃകാപരിമായി നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

    No comments:

    Post a Comment