About School

    പാലക്കാടിന്റെ ചരിത്രത്തോളം പഴക്കമുള്ള മോയന്‍സ് ശതാബ്ദിയുടെ നിറവിലാണ്. 1918ല്‍ സ്ഥാപിതമായ പാലക്കാട് മോയന്‍സ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പാലക്കാട് എന്ന ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത് വടക്കന്തറയില്‍ ഒരു പ്രൈമറി വിദ്യാലയമായി അയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലുള്ള മദ്രാസ് റസിഡന്‍സി നടത്തി വന്നിരുന്ന വിദ്യാലയം സെക്കണ്ടറി തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങളോടെ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥലത്തേക്ക് മാറുകയായിരുന്നു. ഇതിനാവശ്യമായ സ്ഥലവും ഫണ്ടും കണ്ടെത്തുന്നതിനായി മദ്രാസ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയും അനന്തരാവകാശികളില്ലാതിരുന്ന തലശ്ശേരി സ്വദേശിയായ മോയന്‍ കുഞ്ഞിരാമന്‍ എന്ന വ്യക്തി തന്റെ കാലശേഷം സ്വത്തുവകകള്‍ നിര്‍ധനരായ പെണ്‍കുട്ടികളുടെ പഠനത്തിന് വിനിയോഗിക്കണമെന്ന് എഴുതി വെച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ അവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഈ തുക പാലക്കാട് ആരംഭിക്കുന്ന സ്കൂളിന്റെ നിര്‍മ്മാണത്തിന് നീക്കി വെക്കുകയുമാണുണ്ടായത്. 1918ല്‍ കെട്ടിട നിര്‍മ്മാണമാരംഭിച്ചപ്പോള്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത് . കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പണം ദാനം നല്‍കി സഹായിച്ച വ്യക്തിയോടുള്ള സ്മരണക്കായി മോയന്‍സ് എന്ന പേര്‍ ന്ല‍കുകയാണുണ്ടായത്. ചിന്നമ്മ മന്നാടിശേരിയെന്ന പ്രഥമാധ്യാപികയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം കാലക്രമേണ പുരോഗതിയിലേക്ക് കുതിക്കുകയും സെക്കണ്ടറി വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി അപ്‌ഗ്രേഡ് ചെയ്യുകയുമുണ്ടായി. നിലവില്‍ കേരളത്തിലെ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമെന്ന ഖ്യാതിയും മോയന്‍സിനാണ്. 151 അധ്യാപകരും 13 അനധ്യാപകരുമുള്‍പ്പെടെ 164 ജീവനക്കാരുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്‌ചവെക്കുന്നത്. സ്ഥലസൗകര്യത്തിലെ അപര്യാപ്തത മൂലം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധികളുടെയും പാലക്കാട് നഗരസഭയുടെയും സഹകരണത്തോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് ബന്ധപ്പെട്ട അധികാരികള്‍. സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാലയമാക്കി ഇതിനെ മാറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ അതിന്റെ അവസാനഘട്ടത്തിലാണ്.

മോയന്‍സിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്ന കാലത്തെ ചരിത്രരേഖകളില്‍ നിന്നും ചിലത്

No comments:

Post a Comment