Thursday, May 3, 2018

SSLC മോയന്‍സിന് 97.2% ന്റെ ചരിത്രവിജയം

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ 97.2%ന്റെ ചരിത്രവിജയവുമായി മോയന്‍സ് . 67 വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ വിഷയത്തിനും A+. വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും PTA,SMC,MPTA നഗരസഭ എന്നിവരുടെയും ഒത്തൊരുമയോടെയുള്ള പരിശ്രമത്തിന്റെ ഫലമാണ് ഷതാബ്ദി വര്‍ഷത്തിലെ ഈ മികച്ച വിജയം. ആകെ പരീക്ഷ എഴുതിയ 856 കുട്ടികളില്‍ 832 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷ എഴുതാന്‍സാധിച്ചിരുന്നില്ല. പരാജയപ്പെട്ടവരില്‍ 20 പേര്‍ ഒരു വിഷയത്തിന് മാത്രമാണ് പരാജയപ്പെട്ടത്. രണ്ട് പേര്‍ രണ്ട് വിഷയങ്ങള്‍ക്ക് പരാജയപ്പെട്ടു.
  • മോയന്‍ സ്കൂളിലെ ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • Division-wise Result Analysis of Moyans Here
  • എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഇവിടെ
  • Subjectwise Grade Table ഇവിടെ 

Tuesday, February 27, 2018

സ്റ്റുഡന്റ് പോലീസ് പാസിങ്ങ് ഔട്ട് പരേഡ്


മോയന്‍സ് സ്‌കൂളിലെ എസ് പി സി സീനിയര്‍ബാച്ചിന്റെ ഈ വര്‍ഷത്തെ പാസ്സിങ്ങ് ഔട്ട് പരേഡ് ഇന്ന് (Feb 27) രാവിലെ സ്കൂളില്‍ നടന്നു. ബഹു പാലക്കാട് ജില്ലാ ജഡ്‌ജ് ശ്രീമതി ഇന്ദിര സല്യൂട്ട് സ്വീകരിച്ചു

Thursday, February 15, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം


    പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം ഫെബ്രുവരി 16 ന് രാവിലെ 11മണിക്ക് സ്മാര്‍ട്ട് റൂമില്‍ പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീള ശശിധരന്‍ നിര്‍വ്വഹിച്ചു .  വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌‌സണ്‍  ശ്രീമതി ദിവ്യ മാസ്റ്റര്‍ പ്ലാന്‍ ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  MPTA പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ് ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതവും പ്രധാനാധഅയാപിക ശ്രീമതി രമ സി മേനോന്‍ നന്ദിയും പ്രകാശിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ആര്‍ മാസ്റ്റര്‍ പ്ലാന്‍ വിശദീകരിച്ചു. രക്ഷകര്‍ത്താക്കളുടെ പ്രതിനിധിയായി ശ്രീ ശശികുമാര്‍ സംസാരിച്ചു. 
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രധാന ലക്ഷ്യങ്ങള്‍
  1. എല്ലാ വിദ്യാര്‍ഥികള്‍ക്കും മൂന്ന് ഭാഷകള്‍ കൈകാര്യം ചെയ്യത്തക്ക വിധത്തില്‍ അടിസ്ഥാനശേഷികള്‍ കൈവരിക്കുക
  2. സര്‍ഗാല്‍മകപ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുക
  3. ഭാഷേതരവിഷയങ്ങളില്‍ അടിസ്ഥാനധാരണ ഉണ്ടാക്കുക
  4. മെച്ചപ്പെട്ട ക്ലാസ് റൂം ലൈബ്രറികള്‍ തയ്യാറാക്കുക
  5. ഗവേഷണാല്‍മക പഠനം സാധ്യമാക്കുക
  6. ക്ലാസ് ലാബുകള്‍ സജ്ജമാക്കുക.
  7. അധ്യാപകശാക്തീകരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക
  8. ICT സാധ്യതകള്‍ ക്ലാസ് മുറികളില്‍ പരമാവധി പ്രയോജനപ്പെടുത്തുക
  9. ആരോഗ്യവിദ്യാഭ്യാസം നല്‍കുക
  10. ഉച്ചഭക്ഷണപരിപാടി രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുക
  11. പ്ലാസ്റ്റിക്ക്/മാലിന്യമുക്ത ക്യാമ്പസ് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുക
  12. വിദ്യാലയത്തിലും വീട്ടിലും പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുക
  13. ഭിന്നശേഷിക്കാരുടെ പഠനം ശാസ്ത്രീയമായി ഉറപ്പ് വരുത്തി മുഖ്യധാരയോട് അടുപ്പിക്കുക
  14. ദിശാബോധത്തോടെയുള്ള തൊഴില്‍ പരിശീലനം 
  15. കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങള്‍, വൈകാരിക പ്രശ്നങ്ങളഅ‍ ഇവ ഒഴിവാക്കാന്‍ കൗണ്‍സിലിങ്ങ്
  16. മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമാമായ സൗകര്യങ്ങള്‍ സജ്ജമാക്കുക
  17. കലാവാസനകള്‍ പോഷിപ്പിക്കുന്നതിന് സ്ഥിരസംവിധാനം
  18. ജനാധിപത്യമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് സ്കൂള്‍ ജനാധിപത്യവേദി ശക്തമാക്കുക
  19. വിദ്യാലയവികസനത്തിന് അനുയോജ്യമായ വിഭവ സമാഹരണം നടത്തുന്നതിന് പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും PTA, MPTA,SMC ഇവയുടെ സഹായം ഉറപ്പാക്കുക 
ഇത് കൂടാതെ രണ്ട് വര്‍ഷ കാലയളവില്‍ മോയന്‍സിനെ ഭാഷാവിഷയങ്ങളില്‍ മികവിന്റെ കേന്ദ്രമാക്കാനും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യമിടുന്നു. 

Thursday, February 1, 2018

ബോധവല്‍ക്കരണ ക്ലാസ്


പത്താം ക്ലാസില്‍ പഠിക്കുന്ന ആത്മവിശ്വാസക്കുറവുള്ള വിദ്യാര്‍ഥികളില്‍ ആതമവിശ്വാസം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് (ഫെബ്രുവരി 1) വിദ്യാലയത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്വന്തം ഇഛാശക്തി കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്ത് മറ്റുള്ളവരില്‍ ആത്മവിശാവാസം കൈവരിക്കുന്നതിന് സഹായിക്കുന്ന കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട ശ്രീ ഗണേഷ് എന്ന മോട്ടിവേഷന്‍ ട്രയിനറാണ് ക്ലാസ് എടുത്തത്. എണ്‍പതിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ക്ലാസ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു എന്നത് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് ഉദയകുമാരമേനോന്‍, പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍ , ശ്രീമതി ബീന ടി ശ്രീ ഉണ്ണി(വരദം മീഡിയ) എന്നിവര്‍ പങ്കെടുത്തു

Thursday, January 25, 2018

വിളംബര ഘോഷയാത്ര


മോയന്‍സ് ശതാബ്‌ദി ആഘോഷങ്ങളുടെ പ്രചരണാര്‍ഥം പാലക്കാട് നഗരത്തില്‍ വിളംബരഘോഷയാത്ര നടത്തി. പാലക്കാട് ടൗണ്‍ നോര്‍ത്ത് സബ്‌ ഇന്‍സ്പെക്ടര്‍ ശ്രീ ആര്‍ രഞ്ജിത്ത് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ കെ, പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ശ്രീമതി ബീന ടി, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, എന്നിവര്‍ നേതൃത്വം നല്‍കി. ബാന്‍ഡ് വാദ്യത്തിന്റെയും സൈക്കില്‍ റാലിയുടെയും അകമ്പടിയോടെ നടന്ന ജാഥയില്‍ ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് ശ്രീ എം ബി രാജേഷ് എം പി, ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ , നഗരസഭാധ്യാക്ഷ ശഅരീമതി പ്രമീള ശശിധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബഹു സാംസ്കാരികമന്ത്രി ശ്രീ എ കെ ബാലന്‍ നിര്‍വഹിക്കും.
    കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഫേസ്‌ബുക്ക് പേജ് സന്ദര്‍ശിക്കുക www.facebook.com/gmmghss

Sunday, January 21, 2018

പോസ്റ്റല്‍ കവര്‍ പ്രകാശനം

          ശതാബ്ദി ആഘോഷിക്കുന്ന മോയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തപാല്‍ വകുപ്പിന്റെ അംഗീകാരം . കേരളത്തിലെ ഏറ്റവും വലിയ പൊതു വിദ്യാലയത്തിന്റെ ശതാബ്ദിവേളയില്‍ തപാല്‍ വകുപ്പ് പ്രത്യേക സ്മാരകകവര്‍ പുറത്തിറക്കി മോയന്‍സിന്റെ ആഹ്ലാദത്തില്‍ പങ്കാളികളായി. 2018 ജനുവരി 18ന് പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ചടങ്ങില്‍ പാലക്കാട് ഡിവിഷണല്‍ റയില്‍വേ മാനേജര്‍ ശ്രീ നരേഷ് താല്‍വാനിയാണ് സ്കൂള്‍ പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ബീന ടി സ്കൂള്‍ പാര്‍ലമെന്റ് ലീഡര്‍ ദ്യുതി തമ്പാന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചത്. ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് ശ്രീ പ്രതീക് അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി രമ സി മേനോന്‍ തപാല്‍ വകുപ്പിന്റെ ഈ ഉദ്യമത്തിന് നന്ദി പ്രകാശിപ്പിച്ചു

Saturday, January 13, 2018

ശില്‍പ്പശാല സമാപിച്ചു

      മോയന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ശതാബ്ദി വര്‍ഷത്തില്‍ 100% വിജയവും 100 A+ ഉം ലക്ഷ്യമാക്കി നടത്തി വരുന്ന മിഷന്‍ 100 പദ്ധതിയുടെ ഭാഗമായി ജനുവരി 12,13 തീയതികളില്‍ രണ്ട് ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിച്ചു. പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീളാ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ദിവ്യ കെ അധ്യക്ഷത വഹിച്ചു. പാലക്കാട് ലീഡ്‌സ് കോളേജ് , മുണ്ടൂര്‍ യുവക്ഷേത്ര എന്നിവടങ്ങലിലേതടക്കം വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരാണ് ക്ലാസുകള്‍ നയിച്ചത്. വിഷയാധിഷ്ടിതമായ ക്ലാസുകള്‍ക്ക് പുറമേ Time Manegement, പരീക്ഷാപ്പേടി, മാനസിക പിരിമുറുക്കം ലഘൂകരിക്കല്‍, യോഗ , മെഡിറ്റേഷന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ നടന്ന പ്രവര്‍ത്തനങ്ങളില്‍ 416 വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സ്കൂള്‍ അധ്യാപകര്‍ തയ്യാറാക്കിയ Key to Success എന്ന പഠന സഹായി പ്രകാശനം ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ശ്രീ ഇമ്പിച്ചിക്കോയ നിര്‍വഹിച്ചു. സമാപന സമ്മേളനത്തില്‍ ഹയര്‍ സെക്കണ്ടറി മലപ്പുറം മേഖലാ ഡപ്യൂട്ടി ഡയറ്കടര്‍ ശ്രീമതി ഷൈലാ റാം അധ്യക്ഷത വഹിച്ചു . സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍, മിഷന്‍ 100 കോര്‍ഡിനേറ്റര്‍ ശ്രീമതി സി പുഷ്കല, ശില്‍പ്പശാല കോര്‍ഡിനേറ്റര്‍ ശ്രീ പ്രമോദ് എം കെ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ ബാബു പീറ്റര്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ് എന്നിവരും ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ സന്നിഹിതരായിരുന്നു