Tuesday, December 12, 2017

നൂറാം വാര്‍ഷികം എക്യിക്യൂട്ടീവ് കമ്മിറ്റി യോഗം


    മോയന്‍സ് സ്കൂള്‍ നൂറാം വാര്‍ഷിക എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് (ഡിസംബര്‍ 12) മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ശ്രീ സി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനിലിന്റെ സ്വാഗതത്തിന് ശേഷം വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ അവരവരുടെ കമ്മിറ്റിയോഗ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 
          പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഈ മാസം മുതലാരംഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവതരിപ്പിച്ചത്. ഡിസംബര്‍ 17ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ മുന്നൊരുക്കങ്ങളും ജനുവരിയില്‍ നടത്താനുദ്ദേശിക്കുന്ന പൂര്‍വ്വാധ്യാപകയോഗത്തിന്റെ ആശയങ്ങളും ജനുവരിയില്‍ കേരളത്തിലെ വിശിഷ്ട വ്യക്തികളിലൊരാളെക്കൊണ്ട് നടത്തുന്ന ഉദ്ഘാടനചടങ്ങിനയും തുടര്‍ന്ന് നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളും വിശദീകരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വിളബരജാഥ, ബാന്‍ഡ് ട്രൂപ്പ് പുനരുജ്ജീവിപ്പിക്കുക, നൂറാം വാര്‍ഷിക ഗാനം , സെമിനാറുകള്‍ , അക്കാദമിക മികവിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ഥങ്ങളായ ആശയങ്ങള്‍ പങ്ക് വെക്കുകയുണ്ടായി. ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു.
            തുടര്‍ന്ന് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സുതാര്യമായ ധനകാര്യഇടപെടലിന് ബാങ്ക് ഇടപാടുകളിലൂടെ മാത്രമേ ചിലവുകളുണ്ടാകാവൂ എന്നും എല്ലാ കമ്മിറ്റികളും അവരവരുടെ ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്നതിനും അതിനുള്ള വിഭവസമാഹരണത്തിനുള്ള മാര്‍ഗ്ഗങ്ങളും ആവശ്യപ്പെട്ടു. വൗച്ചര്‍, രസീത് ബുക്ക് ഇവ തയ്യാറാക്കാനും ധാരണയായി. ചെയര്‍മാന്‍ , വൈസ്ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും തീരുമാനിച്ചു.
              ഡിസംബര്‍ 17ന് പൂര്‍വ്വ വിദ്യാര്‍ഥി യോഗത്തിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട കണ്‍വീനര്‍ അവതരിപ്പിച്ചു. ഹയര്‍ സെക്കണ്ടറി ഹാളില്‍ നടക്കുന്ന യോഗത്തില്‍ നഗരസഭാധ്യക്ഷയും പൂര്‍വ്വ വിദ്യാര്‍ഥിയുമായ ശ്രീമതി പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യുമെന്നും പൂര്‍വ്വ വിദ്യാര്‍ഥിയും അഷ്ടപദി കലാകാരിയുമായ നീന വാര്യര്‍ മുഖ്യാതിഥിയായിരിക്കുമെന്ന് പറഞ്ഞു. യോഗത്തില്‍ കമ്മിറ്റി രൂപീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും ധാരണയായി.
                 നൂറാം വാര്‍ഷിക സ്മരണികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കണ്‍വീനര്‍ അവതരിപ്പിച്ചതില്‍ വ്യത്യസ്തമായ ഒരു സ്മരണിക എന്ന ആവശ്യമാണ് അവതരിപ്പിച്ചത്. പ്രധാനമായും വിദ്യാഭ്യാസം-സ്ത്രീ എന്ന ആശയത്തിനു് മുന്‍തൂക്കം നല്‍കിയാവും മാഗസിന്‍ തയ്യാറാക്കുകയെന്നും വിവിധമേഖലകളിലെ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം കുട്ടികളുടെ രചനകള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതിനും തീരുമാനമായി. ഇത് കൂടാതെ പൂര്‍വ്വവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഓര്‍മ്മകള്‍ പങ്ക് വെക്കുന്നതിനുള്ള ഓര്‍മ്മപ്പുസ്തകം എന്ന ആശയവും അവതരിപ്പിച്ചതിനൊപ്പം പരസ്യതാരീഫുകളും അവതരിപ്പിക്കുകയുണ്ടായി. എഡിറ്റോറിയല്‍ ബോര്‍ഡില്‍ കലാവാസനയുള്ള കുട്ടികളുടെ ഒരു പ്രത്യേകവിഭാഗവും ഉണ്ടാകും.
             അച്ചടക്ക കമ്മിറ്റി നൂറാം വാര്‍ഷികത്തിനപ്പുറം തുടര്‍ന്നുള്ള കാലഘട്ടങ്ങളിലും അച്ചടക്കം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചത്. SPC, NSS, JRC, Scout എന്നിവരുടെ സേവനം പരമാവധി ഉപയോഗിക്കാനും അച്ചടക്ക കാര്യങ്ങളെക്കുറിച്ച അവബോധം നല്‍കുന്ന പരിപാടികളും നടത്താന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
           പബ്ലിസിറ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രചരണത്തിനുള്ള വിവിധ സാധ്യതകളെപ്പറ്റി ആയിരുന്നു. സോഷ്യല്‍ മീഡിയ ,മാധ്യമങ്ങള്‍ എന്നിവയുടെ പരമാവധി പിന്തുണയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ പ്രവര്‍ത്തനത്തില്‍ പ്രസ് ക്ലബിന്റെ പിന്തുണയും പ്രത്യേകം പരാമര്‍ശിച്ചു. 
            സ്റ്റേജ് & പന്തല്‍ കമ്മിറ്റി ഓരോ പരിപാടിക്കും ചുരുങ്ങിയ ചിലവില്‍ ക്വട്ടേഷന്‍ സ്വീകരിച്ച് കുറഞ്ഞ ചിലവില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ചാണ് അവതരിപ്പിച്ചത്. പരസ്യങ്ങളിലൂടെ ആവശ്യമായ തുക സമാഹരിക്കുക എന്ന നിര്‍ദ്ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചു
             സ്വീകരണ കമ്മിറ്റി എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന അതിഥികള്‍ക്ക് മെമന്റോ നല്‍കുക എന്ന നിര്‍ദ്ദേശം അവതരിപ്പിച്ചു. സ്വീകരണത്തിനുപയോഗിക്കുന്ന ബൊക്കെയില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും അംഗീകരിച്ചു.
            റിഫ്രഷ്മെന്റ് കമ്മിറ്റി പ്രോഗ്രാം കമ്മിറ്റിയുമായി സഹകരിച്ച് ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയുള്ള റിഫ്രഷ്‌മെന്റുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് പറഞ്ഞു. പ്ലാസ്റ്റിക്ക് കപ്പുകളും ഗ്ലാസുകളും ഒഴിവാക്കാന്‍ തീരുമാനിച്ച വിവരവും അറിയിച്ചു.
            നൂറാം വാര്‍ഷികത്തിന് സ്മാരക കവറും പ്രദര്‍ശനവും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ നടത്താമെന്ന അവരുടെ നിര്‍ദ്ദേശം അഡീഷണല്‍ എച്ച് എം ബീനടീച്ചര്‍ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
             നൂറാം വാര്‍ഷികാഘോഷത്തിന്റെ പ്രാരംഭ ചിലവുകള്‍ക്കായി നഗരസഭയും അധ്യാപകരുടെയും വിഹിതതത്തോടൊപ്പം ഒരു വിഹിതം നല്‍കാമെന്ന് പി ടി എ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ മാതൃകാപരിമായി നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

    Friday, December 8, 2017

    പൂര്‍വ്വവിദ്യാര്‍ഥി യോഗം ഡിസംബര്‍ 17 ന്

          പാലക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒരു യോഗം ഡിസംബര്‍ 17ന് രാവിലെ 10 മണിക്ക് ഹയര്‍ സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണ്. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളില്‍ രൂപീകരിക്കാനുദ്ദേശിക്കുന്ന ALUMNIയുടെ ആദ്യയോഗമാണിത്. എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. 

          യോഗത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫോം ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പങ്കെടുക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നതിന് വേണ്ടിയാണിത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇത് പൂരിപ്പിച്ച് നല്‍കണമെന്ന് നിര്‍ബന്ധമില്ല.
    രജിസ്ട്രേഷന്‍ ഫോം സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

    Wednesday, December 6, 2017

    Hair Donation Campaign


       നൂറ് വര്‍ഷം പിന്നിടുന്ന പാലക്കാട് ഗവ മോയന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റ് ജൂണിയര്‍ ചേമ്പറുമായി ചേര്‍ന്ന് ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തനമേകിക്കൊ​ണ്ട് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ദൗത്യം ഏറ്റെടുത്തു. ഏകദേശം ഇരുനൂറോളം വിദ്യാര്‍ഥിനികള്‍ തങ്ങളുടെ തലമുടി നല്‍കി ഈ കേശദാനത്തില്‍ പങ്കാളികളായി. പ്രശസ്ത ചലച്ചിത്ര താരം ഗോവിന്ദ് പത്മസൂര്യയുടെ സാന്നിധ്യത്തില്‍ നടന്ന  ഈ ചടങ്ങില്‍ JCI Palakkadന്റെ അധ്യക്ഷന്‍ ശ്രീ അലക്‌സ് കുര്യന്‍ അധ്യക്ഷത വഹിച്ചു. Rev Fr Mavunkal മുഖ്യാതിഥിയായി സംബന്ധിച്ച ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ, ശ്രീമതി ജിസ്സ ജോമോന്‍, പ്രിന്‍സിപ്പല്‍ ശ്രീ അനില്‍, പ്രധാനാധ്യാപിക ശ്രീമതി രമ സി മേനോന്‍, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡേനേറ്റര്‍ ശ്രീമതി സുജിത എന്നിവര്‍ പങ്കെടുത്തു.
    (More Photoes in NSS Page)

    Saturday, December 2, 2017

    നൂറാം വാര്‍ഷികം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം



      മോയന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷ ക്കമ്മിറ്റിയുടെ ആദ്യ യോഗം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭാധ്യക്ഷ ശ്രീമതി പ്രമീളാ ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മോയന്‍സ് സ്‌മാര്‍ട്ട് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും കമ്മിറ്റികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. ജനുവരി ആദ്യവാരത്തില്‍ ശതാബ്‌ദിയാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നതിനും അതിന് മുന്നോടിയായി വിവിധ കമ്മിറ്റികള്‍ കൂടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളെയും പൂര്‍വ്വാധ്യാപകരെയും ഈ ആഘോഷ പരിപാടികളില്‍ പങ്കാളികളാക്കുന്നതിനായി അവരുടെ പ്രത്യേകയോഗം വിളിക്കാനും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ശഅരീമതി ലാലി ടീച്ചറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 
          നൂറാം വാര്‍ഷികത്തിനായി ഒരു ലോഗോ നിര്‍മ്മിക്കുന്നതിനും ഇതിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍, പൂര്‍വ്വാധ്യാപകര്‍, നിലവിലുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി മല്‍സരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനകം ലോഗോകള്‍ ക്ഷണിച്ചു കൊണ്ട് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്നതിനും തീരുമാനമായി. നൂറാം വാര്‍ഷികത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഒരു ഫേസ്‌ബുക്ക് പേജ് ആരംഭിക്കുന്നതിനും ആശയവിനിമയത്തിനായി moyans100@gmail.com എന്ന മെയില്‍ ഐ ഡിയും തയ്യാറാക്കി. കമ്മിറ്റികള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ പത്താം തീയതിയോടെ വിപുലമായ കമ്മിറ്റി യോഗവും ചേരും

    Tuesday, November 28, 2017

    സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തിലും മോയന്‍സിന് മികച്ച വിജയം


    INDULEKHA P
    SINGLE PROJECT(3rd)
    KEERTHI M
    WORKING MODEL
    SREELAKSHMI HARIDAS
    PURE CONSTRUCTION
    UMA G
    NET MAKING(WE Fair)
    ALEESHA NESTER
    Garment Making(WE Fair)
    SRUTHY S
    ELOCUTION(SS FAIR)
         കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ മോയന്‍സിലെ മിടുക്കികള്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. ഗണിത പ്രോജക്ടിലെ മൂന്നാം സ്ഥാനമുള്‍പ്പെടെ പങ്കെടുത്ത എല്ലാ ഇനങ്ങളിലും A Grade കരസ്ഥമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗം ഗണിത സിംഗിള്‍ പ്രോജക്ടില്‍ പ്ലസ് വണ്‍ ബാച്ചിലെ പി ഇന്ദുലേഖക്കാണ് മൂന്നാം സ്ഥാനം.Working Modelല്‍ കീര്‍ത്തി എം, Pure Constructionല്‍ ശ്രീലക്ഷ്‌മി ഹരിദാസ് എന്നിവരാണ് മോയന്‍സിനെ പ്രതിനിധീകരിച്ചത്. 
         ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തി പരിചയമേളയിലെ Net Making (Badminton/Volley Ball) ഇനത്തില്‍ ഉമ ജിയും Garment Makingല്‍ അലീഷാ നെസ്റ്ററും A Grade കരസ്ഥമാക്കിയപ്പോള്‍ സാമൂഹ്യശാസ്ത്രമേളയിലെ Elocutionല്‍ A Grade നേടിയത് ശ്രുതി എസ് ആണ്.
     2017 ലെ സംസ്ഥാന കലോത്സവത്തിൽ  അഞ്ചാം സ്ഥാനവും എ ഗ്രേഡും മോയൻസിന് നേടിക്കൊടുത്ത ദേശഭക്തിഗാനം.

    Monday, November 27, 2017

    നൂറാം വാര്‍ഷികം സ്വാഗതസംഘം രൂപീകരിച്ചു


          നൂറ് വര്‍ഷം പിന്നിടുന്ന പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ശതാബ്‌ദിയാഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതിന് മുന്നോടിയായുള്ള സ്വാഗതസംഘരൂപീകരണയോഗം നവംബര്‍ 26 ഞായറാഴ്ച രാവിലെ പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പാലക്കാട് എം പി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് എം എല്‍ എ ശ്രീ ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യാക്ഷന്‍ ശ്രീ സി  കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബറില്‍ നടത്തുന്നതിനാണ് ആലോചിക്കുന്നത്. സ്വാഗതസംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിവിധ കമ്മറ്റികളുടെ യോഗത്തില്‍ തീയതിയും മറ്റ് പരിപാടികളും തീരുമാനിക്കുന്നതാണ്. AEO ശ്രീ എം വിനോദന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍‌പേഴ്‌സണ്‍ ശ്രീമതി കെ ദിവ്യ കൗണ്‍സിലര്‍മാരായ ശ്രീമതി പ്രിയ വെങ്കടേഷ്, ശ്രീമതി എ കുമാരി, സുമതി സുരേേഷ്, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാര മേനോന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ ബാബു പീറ്റര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ , സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ ശ്രീതി സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതവും പ്രധാനാധ്യാപിക ശ്രീമതി ടി ബീന നന്ദിയും പ്രകാശിപ്പിച്ചു. ശ്രീമിതി പ്രമീള ശശിധരന്‍(ചെയര്‍മാന്‍) ശ്രീ സി കൃഷ്‌ണകുമാര്‍(വൈസ് ചെയര്‍മാന്‍) ശ്രീ പി അനില്‍ (ജനറല്‍ കണ്‍വീനര്‍) ശ്രീമതി രമ സി മേനോന്‍, ശ്രീമതി ടി ബീന (ജോ. കണ്‍വീനര്‍മാര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് രൂപീകരിച്ചത്. 
    കൂടുതല്‍ ചിത്രങ്ങള്‍ Gallery പേജില്‍

    Thursday, November 16, 2017

    MISSSION 100 ആരംഭിച്ചു


    Inauguration Smt Divya
    Class By Sri R Ramanujam
         100% വിജയം ലക്ഷമാക്കി മോയന്‍സ് സ്കൂളിലെ Higher Secondary വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച മിഷന്‍ 100 എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 16)ന് പാലക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീമതി പുഷ്‌കല സി പ്രോജക്ട് വിശദീകരണം നല്‍കി. പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍ , എസ് എം സി ചെയര്‍മാന്‍ ശ്രീ ബാബു പീറ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതവും ശ്രീ പ്രമോദ് നന്ദിയും പറഞ്ഞു . ആദ്യദിവസം ശ്രീ ആര്‍ രാമാനുജം നയിച്ച ഗണിത ക്ലാസായിരുന്നു. പ്രോജക്ടിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ താഴെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും അവരുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കി പരീക്ഷക്ക് സജ്ജരാക്കുക, ഡിസംബര്‍ 10നകം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള മാസങ്ങളില്‍ അധിക പഠനപ്രവര്‍ത്തനങ്ങളിലൂടെ അവരെ പരീക്ഷക്ക് സജ്ജരാക്കുക, അധ്യാപകര്‍ ഓരോവിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദ്യബാങ്കുകള്‍ തയ്യാറാക്കി ആവശ്യമായ പഠനവിഭവങ്ങള്‍ സമ്പാദിച്ച് നല്‍കുക, ഓരോ വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകര്‍ക്ക് പുറമേ അതത് മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുക, പരീക്ഷാ ഭയം, ടെന്‍ഷന്‍ ഇവ ഒഴിാക്കുന്നതിലൂടെ ആത്മവിശ്വാസം കൈവരിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മിഷന്‍ 100 മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍